കമ്പനിയുടെ അനാവശ്യ ചെലവു കൂടുന്നു എന്ന വാസ്തവം വയ്കിയാണെങ്കിലും ബോസ്സ് തിരിച്ചറിഞ്ഞു.ചെലവു കുറയ്ക്കാന്‍ ഒരു മീറ്റിംഗ് വിളിക്കുക ബോസ്സ് തീരുമാനിച്ചു .ഉടന്‍ സന്ദേശം എല്ലാ ഡിപ്പാര്‍ട്ടുമെന്‍ടിലും ശരം പോകുന്ന വേഗത്തിലെത്തി ."ഉടന്‍ എല്ലാവരും മീറ്റിംഗ് ഹാളില്‍എത്തേണ്ടതാണ്" ഇതായിരുന്നു സന്ദേശം.
എല്ലാവരും കൃത്യസമയത്തു തന്നെ മീറ്റിംഗ് ഹാളിലെ കസേരയില്‍ ആസനസ്ഥരായി .മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ബോസ്സും ഹാളില്‍ എത്തി .ബോസ്സ് മൊബൈലില്‍ വീണ്ടും ഒരു അര മണിക്കൂര്‍ സംസാരിച്ചുകൊണ്ടേയിരുന്നു ,ഒന്നും ചെയ്യാനില്ലാതെ ഞങ്ങളും ബോസ്സിന്‍റെ മൊബൈല്‍ സംസാരം കേട്ടുകൊണ്ടിരുന്നു .അങ്ങനെ സംസാരം നിര്‍ത്തിയ ബോസ്സ് ഉടനെ ദിലീപിനോട് "ദിലീപേ നീ ആ എ സി ഓണ്‍ ചെയ്യു ." ഈ വോള്‍ട്ടെജില്‍ എ സി ഓണ്‍ ആവില്ല" എന്ന് ശാന്തന്‍റെ മറുപടി . ജനല്‍പോള തുറന്നിട്ടാല്‍ പോരെ എന്ന മനോജേട്ടന്‍റെ ചോദ്യം കേട്ട് എല്ലാവരും അയാളെ തുറിച്ചു നോക്കി .ഉടന്‍ ജെനറേറ്റര്‍ ഓണ്‍ ചെയ്യാനുള്ള ബോസ്സിന്‍റെ ആവശ്യത്തോട് ഗിരീഷിന്‍റെ മറുപടി "സര്‍ ജെനറേറ്ററില്‍ ഡീസല്‍ ഇല്ല ". "എന്നാല്‍ പോയി വാങ്ങിക്കൊണ്ടുവാ ഉടന്‍" ബോസ്സിന്‍റെ ആജ്ഞ കേട്ട ഉടന്‍ ബാബുവിന്‍റെ വക പതിഞ്ഞ സ്വരത്തില്‍ മറുപടി "ഇനി പറ്റു തീര്‍ക്കാതെ കുഞ്ഞിക്കണാരന്‍&സണ്‍സ്സില്‍ നിന്നും ഒരു തുള്ളി ഡീസല്‍ പോലും തരില്ലെന്നാ അവിടത്തെ മാനേജര്‍ പറഞ്ഞത് ".മൊബൈലുമായി പുറത്തിറങ്ങിയ ബോസ്സ് അര മണിക്കൂറിനു ശേഷം തിരിച്ചു ഹാളില്‍ വന്നു ശന്തനോടു "ശാന്താ നീ കൈനാട്ടിയിലുള്ള പമ്പില്‍ പോയി ഡീസല്‍ വാങ്ങിക്കോ ഞാന്‍ എല്ലാം പറഞു ഏര്‍പ്പാടാക്കിയിട്ടുണ്ട് ." കേട്ട പാതി കേള്‍ക്കാത്ത പാതി ശാന്തന്‍ ഒമ്നിയുമെടുത്ത് കൈനാട്ടി ലക്ഷ്യമാക്കി കുതിച്ചു. പെട്രോള്‍ പമ്പില്‍ എത്തിയ ശാന്തന്‍ ആ സത്യം തിരിച്ചറിഞ്ഞു അതെ ഡീസല്‍ വാങ്ങാന്‍ ഒരു ചിരട്ട പോലും എടുത്തിട്ടില്ല .ശാന്തന്‍ തളര്‍ന്നില്ല നേരെ വീണ്ടും ടൌണില്‍, ഒരു വലിയ ബാരല്‍ വാങ്ങി ഒമ്നിയിലിട്ടു കൈനാട്ടിക്കു വീണ്ടും.ജനല്‍ പോള തുറക്കാതെ ഞങ്ങള്‍ മീറ്റിംഗ് റൂമില്‍ കോട്ടുവാ ഇടാന്‍ തുടങ്ങി. സമയം വീണ്ടും ഒന്നര മണിക്കൂര്‍ കഴിഞ്ഞു .ശാന്തനും ഒമ്നിയും ആ 5KVA ജെനറേറ്ററിന്‍റെ മുന്നില്‍ സഡന്‍ ബ്രേക്ക് ഇട്ടു .ഒട്ടും സമയം കളയാതെ നാഗരാജിന്‍റെ ബലിഷ്ടമായ ആ കൈകളാല്‍ ജെനറേറ്റര്‍ സ്റ്റാര്‍ട്ട് ആയി .ചില്ല് ജനാലയിലൂടെ ജെനറേറ്ററിന്‍റെ പുക ഞങ്ങള്‍ക്ക് കുറച്ചൊന്നുമല്ല ആശ്വാസം തന്നത് .എ സി നാലും സ്റ്റാര്‍ട്ട് ആയി .വിജയശ്രീലാളിതനായി ശാന്തന്‍ മീറ്റിംഗ് ഹാളില്‍.
അങ്ങനെ മീറ്റിംഗ് ആരംഭിച്ചു ,ആദ്യം ബോസ്സ്: "നമ്മുടെ ചെലവ് നമുക്കൊന്ന് കുറയ്ക്കണം ". എന്തു വിലകൊടുത്തും ഞങ്ങള്‍ കുറയ്ക്കുമെന്ന മട്ടില്‍ ഞങ്ങള്‍ തലയാട്ടി .മീറ്റിങ്ങിലെ മിനുട്സ് ഐകകണ്ടെന പാസ്സായതിന്‍റെ സന്തോഷത്തില്‍ ബോസ്സ് വീണ്ടും എഴുനേറ്റു "നമുക്ക് ഭക്ഷണം പുറത്തുപോയി കഴിക്കാം അല്ലേ ?" സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടിയ ഷിനില്‍ എഴുനേറ്റു നിന്നുപറഞ്ഞു "സര്‍ പയ്യോളിയില്‍ ഒരു പുതിയ ഹോട്ടല്‍ ഇന്നലെ തുറന്നിട്ടുണ്ട് ". എന്നാല്‍ അങ്ങോട്ടുപോകാം എന്ന ബോസ്സിന്‍റെ മറുപടികേട്ട് എല്ലാവര്‍ക്കും ആവേശം അണപൊട്ടി.ഉള്ള കാറിലും വാനിലും ഭാക്കിയുള്ളവര്‍ കുറച്ചു ബൈക്കിലും കയറി പയ്യോളിയിലെ പുതിയ ഹോട്ടലില്‍ വച്ച് പിടിച്ചു .അങ്ങനെ ചെലവ് ചുരുക്കാനുള്ള മീറ്റിംഗ് കോക്ക്ടൈല്‍ ഡിന്നറില്‍ അവസാനിപ്പിച്ചു.






